RCT എന്ത്, എന്തിന്, എങ്ങനെ? എപ്പോൾ?
നിങ്ങളുടെ കയ്യിൽ അല്ലെങ്കിൽ ശരീരത്തിൽ എവിടെയെങ്കിലും ചെറിയ ഒരു മുറിവുണ്ടായി എന്ന് വിചാരിക്കുക. ബ്ലേഡ് കൊണ്ടോ മുറിഞ്ഞതോ അല്ലെങ്കിൽ കളിക്കുമ്പോൾ വീണോ മറ്റോ ഉണ്ടായ ചെറിയ പോറലുകൾ പോലെ എന്തെങ്കിലും. നിങ്ങൾ പ്രത്യേകിച്ച് ചികിത്സ ഒന്നും ചെയ്തില്ലെങ്കിലും പ്രത്യേക ശ്രദ്ധ ഒന്നും കൊടുത്തില്ലെങ്കിലും അവ ഉണങ്ങുന്നതായി ശ്രദ്ധിച്ചിട്ടുണ്ടാവും.
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയും പുനരുജ്ജീവന വ്യവസ്ഥയും ഒരുമിച്ചു ജോലിയെടുത്താണ് ഇത് സാധ്യമാകുന്നത്.ഇത് ചില്ലറ കാര്യമല്ല.
ഇനി അതല്ല..വല്ല വാഹനഅപകടത്തിലോ മറ്റോ നിങ്ങൾക്ക് സാരമായ പരിക്ക് പറ്റി അല്ലെങ്കിൽ എന്തെങ്കിലും കൂർത്ത /മൂർച്ചയുള്ള ആയുധം കൊണ്ടോ വലിയ മുറിവ് ഉണ്ടാവുകയാണ് എന്ന് കരുതുക..
അവ ആദ്യത്തെ ചെറിയ മുറിവുകൾ പോലെ അല്ലെങ്കിൽ പോറലുകൾ പോലെ തനിയെ ഭേദമാകും എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഇല്ല.
അപ്പോൾ നിങ്ങൾക്ക് ആശുപത്രിയില്‍ പോയി അവിടെനിന്ന് വൈദ്യചികിത്സ തേടേണ്ടതായി വരും. അവിടെചെന്നാൽ ഡോക്ടർമാരും നേഴ്സുമാരും ചേർന്ന് എന്താണ് ചെയ്യുക? നിങ്ങളുടെ മുറിവ് നന്നായി കഴുകി പൊടിയോ മറ്റ് മലിനമായ വസ്തുക്കൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ നീക്കം ചെയ്ത് , ഡെറ്റോൾ /പോവിഡോൺ അയഡിൻ അഥവാ ബീറ്റാഡിൻ പോലെയുള്ള ലായനികൾ കൊണ്ട് അണുവിമുക്തമാക്കി മുറിവ് മരുന്ന് വച്ച്, ചിലപ്പോൾ തുന്നൽ ഇട്ട് കെട്ടും അല്ലേ?
അങ്ങനെ പരിക്ക് പറ്റിയാൽ എത്തിക്കാൻ ആശുപത്രിയൊന്നും ഇല്ലാത്ത വിജനമായ ഒരിടത്താണ് നിങ്ങളെങ്കിലോ? മിക്കവാറും ഈ വലിയ മുറിവ് തനിയെ ഉണക്കാൻ നിങ്ങളുടെ ശരീരം പരമാവധി ശ്രമിക്കുമെങ്കിലും അതിനകം പൊടിയും മലിനമായ ചുറ്റുപാടും കൊണ്ട് അണുബാധയുണ്ടായി ആ വലിയ മുറിവ് പഴുക്കുകയും അതിൽ നിന്ന് അണു ബാധ രക്തത്തിലേക്ക് പടർന്ന് അവസാനം മിക്കവാറും നിങ്ങളുടെ മരണത്തിൽ കലാശിക്കുകയും ചെയ്യും.ഇല്ലേ?
ഇത് തന്നെയാണ് പല്ലിന്റെ കാര്യത്തിലും സംഭവിക്കുന്നത്. പല്ലിലെ പോട് എന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന വലിയൊരു മുറിവിന് സമാനമാണ്. അതൊരിക്കലും തനിയെ ഉണങ്ങുകയില്ല. ഉണക്കാൻ ശരീരത്തിന് സാധിക്കുകയുമില്ല. കാരണം അണുക്കൾ പുറംതള്ളുന്ന അമ്ലങ്ങളാൽ ദ്രവിക്കപ്പെട്ട ഇനാമൽ ഒരിക്കൽ നശിച്ചു കഴിഞ്ഞാൽ, പുതുതായി ഉണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ ദന്തക്ഷയം ഇനിയൊരു തിരിച്ചുപോക്കില്ലാത്ത വിധമുള്ള നശീകരണ പ്രവർത്തനം അഥവാ ഒരു IRREVERSIBLE PROCESS ആണെന്ന് പറയാം. അതായത് കേട് ഒരിക്കൽ വന്നു തുടങ്ങിയാൽ,കയ്യോടെ എത്രയും നേരത്തെ കണ്ടുപിടിച്ച് അത് പല്ലിന്‍റെ ഉള്ളിലെ പാളികളിലേക്ക് പടരുന്നതിനു മുന്പ് കൃത്യമായ ചികിത്സ കൊണ്ട് തടയിട്ടില്ലെങ്കിൽ, പല്ലിന്റെ പൊക കണ്ടല്ലാതെ ദന്തക്ഷയം അടങ്ങില്ല എന്നർത്ഥം.
എന്നുവെച്ചാൽ നിങ്ങൾ മെഡിക്കൽ സ്റ്റോറിൽ പോയി പനിക്കോ തലവേദനയ്ക്കോ എന്നപോലെ ഗുളിക വാങ്ങിച്ചു കഴിച്ച് മാറ്റാൻ പറ്റുന്ന ഒരു അസുഖമല്ല പല്ലുവേദന.
സ്വാഭാവികമായും താൽക്കാലികമായ ഒരു ആശ്വാസം നിങ്ങൾക്ക് കിട്ടുന്നുണ്ടാവാം. കാരണം വേദനസംഹാരികൾ കഴിക്കുമ്പോൾ ദന്തക്ഷയം നല്ല ആഴത്തിൽ പോയി പല്ലിന്റെ മാംസഭാഗമായ പഴുപ്പിന്റെ വളരെ അടുത്തെത്തുമ്പോൾ ഉണ്ടാവുന്ന "റിവേഴ്സിബിൾ പൾപ്പൈറ്റിസ്" എന്ന അസുഖം -ശ്രദ്ധിക്കുക രോഗമല്ല അസുഖം-കൊണ്ടുള്ള ബുദ്ധിമുട്ടുകൾ അതായത് ഭക്ഷണം കഴിക്കുമ്പോൾ ഉള്ള വേദന, തണുപ്പോ മധുരമോ തട്ടുമ്പോൾ നേരിയ പുളിപ്പ് , ചെറിയ നീര് എന്നിവയൊക്കെ താൽക്കാലികമായി എങ്കിലും മാറുന്നു.
എന്നാലും പല്ലിലെ പോട് അവിടെത്തന്നെയുണ്ട്.. പോട് ഉണ്ടാക്കിയ അണുക്കളും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും എല്ലാം അതുപോലെ അവിടെത്തന്നെയുണ്ട്. അല്ലേ ? അതുകൊണ്ട് വേദനസംഹാരികളുടെ ഡോസിന്റെ എഫക്ട് കുറഞ്ഞു തുടങ്ങിയാൽ വീണ്ടും ഇതേ പ്രക്രിയയുടെ തുടർച്ചയാൽ, ഒടുവിൽ ഒരുനാൾ അനിവാര്യമായ അണുബാധ എന്ന അവസ്ഥയിലേക്ക് ദന്തക്ഷയം എത്തിച്ചേരുന്നു.
നിർജ്ജീവമായ,അണുബാധകൊണ്ട് വേദനയുള്ള പല്ലിനെ രണ്ട് രീതിയിൽ ചികിത്സിക്കാം - ഒന്നുകിൽ ഭൂരിപക്ഷം ആളുകളും ചെയ്യുന്നതുപോലെ നിസ്സാരമായി കണ്ട് പറിച്ചു കളയാം. ഇല്ലെങ്കിൽ പല്ലിന്റെ പ്രാധാന്യം മനസ്സിലാക്കി അവയെ തൽസ്ഥാനത്തു തന്നെ തുടരുവാനായി ചികിത്സചെയ്ത് സംരക്ഷിക്കാം.
ഇതിൽ രണ്ടാമത്തെ രീതിയെ ആണ് റൂട്ട് കനാല്‍ ട്രീറ്റ്മെന്റ് അഥവാ RCT എന്ന് പറയുന്നത്. ഒരര്‍ത്ഥത്തില്‍ RCT എന്നാല്‍ അണുബാധയാല്‍ ജീവന്‍ നഷ്ടപെട്ട പല്ലുകള്‍ക്ക് കര്‍മ്മനിരതരാവാന്‍ രണ്ടാമത് ഒരവരസം കൂടെ കൊടുക്കലാണ് .
RCT എന്നാല്‍ അടിസ്ഥാനപരമായി, ശരീരത്തിലുണ്ടാവുന്ന വലിയ ഒരു മുറിവിനെ ഉണക്കാന്‍ വെള്ളവും ഡെറ്റോള്‍/ബെറ്റാഡിന്‍ പോലെയുള്ള അണുനാശിനികളും കൊണ്ട് കഴുകി മരുന്ന് വെച്ച് ഡ്രസ്സ് ചെയ്യുന്ന പോലെ പല്ലിന്‍റെ വേരുകളുടെ അറ്റം വരെ പലതരം മരുന്നുകള്‍ അഥവാ രാസസംയുക്തങ്ങള്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ ശേഷം അണുക്കള്‍ക്ക് വളരാന്‍ ഒരിടവും കൊടുക്കാതെ ടൈറ്റായി അടച്ചുവെക്കുന്ന ചികിത്സയാണ് .
പക്ഷേ ഇത് ചെയ്യുന്നത് പല്ലിനുള്ളിലെ വേരിന്‍റെ കനാലുകള്‍ തുടങ്ങുന്ന വളരെ ചെറിയ സുഷിരങ്ങളിലൂടെ, നേരിട്ട് കാണാന്‍ സാധാരണഗതിയില്‍ കഴിയില്ലാത്ത വേരിന്‍റെ അറ്റം വരെയുള്ള ഭാഗങ്ങളില്‍ ആണ് എന്നതാണ് റൂട്ട് കനാല്‍ ചികിത്സയെ താരതമ്യേന ബുദ്ധിമുട്ടേറിയതും വ്യതസ്തവുമാക്കുന്നത്.
Comments
Post a Comment