Dr.Sunny BDS identifies Ganga's disease
രണ്ടാമത്തെ രോഗിയും ഒപ്പം വന്നയാളും പരിചയത്തിന്റെതായ ഒരു ചിരി വിടര്‍ത്തിയപ്പോള്‍ രോഗിയോടായി ഡോക്ടര്‍ സണ്ണി പറഞ്ഞു .
“ഗംഗ ഒരു അഞ്ചു മിനിറ്റ് പുറത്തിരിക്കാമോ ? ഞങ്ങള്‍ ഓള്‍ഡ് ഫ്രണ്ട്സിനു കുറച്ച് പഴയ ഗോസിപ്പുകള്‍ ഒക്കെ ഒന്നയവിറക്കാനുണ്ട് .”
റൂമില്‍ തങ്ങള്‍ മാത്രമായപ്പോള്‍ ആകുലമായ മുഖഭാവത്തോടെ സണ്ണി പറഞ്ഞു തുടങ്ങി:
“നകുലാ, ഞാൻ കരുതിയതിലും വളരെ മുൻപ് തന്നെ വേദനിപ്പിക്കുന്ന കുറെ കാര്യങ്ങൾ നീ അറിയാൻ തുടങ്ങുകയാണ്. അങ്ങേയറ്റം ക്ഷമയോടെ നീ അത് കേൾക്കണം.
ഗംഗയുടെ കവിളില്‍ നീര് വന്നതും താടിയിൽ സഹിക്കാൻ വയ്യാത്ത വേദനയുണ്ടാകുന്നതും ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടാവുന്നതും നീ വിചാരിക്കുന്നതുപോലെ വെയിലത്ത് നടന്നത് കൊണ്ടോ എണ്ണ തേച്ച് കുളിച്ചത് കൊണ്ടോ അല്ല.
ഗംഗയുടെ അണപ്പല്ലിലെ ഒരു പോട് കാരണമാണ്.
നിങ്ങളിവിടെ വന്നപ്പോൾ തന്നെ എനിക്ക് മനസ്സിലായി.. ഗംഗയ്ക്ക് വേറെ അസുഖങ്ങളൊന്നുമില്ല.. വെയിൽ കൊണ്ടതും എണ്ണ തേച്ച് കുളിച്ചതും ഒക്കെയാണ് വേദനയ്ക്ക് കാരണം എന്ന് വിശ്വസിക്കുമ്പോൾ യഥാർത്ഥ പ്രശ്നം ഒളിഞ്ഞിരിക്കുകയാണ്. പക്ഷേ പോട് എവിടെയാണെന്ന് മാത്രം പിടികിട്ടിയില്ല.
ആ ഘട്ടത്തിലാണ് ഞാൻ ഗംഗയുടെ പല്ലിന്റെ എക്സ് റേ എടുത്തു നോക്കാം എന്ന് തീരുമാനിച്ചത്.
എക്സ് റേ കണ്ടപ്പോൾതന്നെ പ്രശ്നം ഏത് പല്ലിലാണ് എന്നതിനെക്കുറിച്ച് ഒരേകദേശ ധാരണ എനിക്ക് കിട്ടാൻ തുടങ്ങി. വേദനയോടെ ഞാൻ മനസ്സിലാക്കി ഞാൻ അന്വേഷിച്ചു നടക്കുന്ന യഥാർത്ഥ പ്രശ്നം എന്റെ മുന്നിൽ കാണുന്ന ആദ്യത്തെ അണപ്പല്ലിന് ആണെന്ന്.
ഗംഗയിൽ എന്തുകൊണ്ട്, എവിടെവച്ച് എങ്ങനെ ഈ രോഗം ഉടലെടുത്തു?
പണ്ട് നീയുമായി ടൌണില്‍ കറങ്ങാൻ പോകാറുള്ളപ്പോൾ മൂക്കുമുട്ടെ തട്ടാറുണ്ടായിരുന്ന ചോക്ലേറ്റ് ന്റെ സാന്നിധ്യം ആണോ ഗംഗയുടെ രോഗകാരണം? അത് അറിയാനാണ് അന്ന് നിങ്ങൾ എത്ര പാക്കറ്റ് ചോക്ലേറ്റ് വാങ്ങാറുണ്ട് ? എന്ന് ഞാൻ ചോദിച്ചത്. പക്ഷേ അത് ഗംഗയ്ക്ക് ഒരു പ്രശ്നമേ അല്ല എന്ന് എനിക്ക് മനസ്സിലായി.
എന്താണ് ഗംഗയുടെ അസുഖം ?
ചില സമയങ്ങളിൽ ഗംഗയ്ക്ക് അതിഭയങ്കരമായ പല്ലുവേദന ഉണ്ടാവുന്നു.നമ്മൾ പത്രങ്ങളിലൊക്കെ വായിക്കാറില്ലേ 11 വയസ്സുള്ള ബാലിക പല്ലുവേദന സഹിക്കാതെ ആശുപത്രിയിൽ.. 76 വയസ്സുള്ള അമ്മൂമ്മയ്ക്ക് പല്ലിലെ അണുബാധ മരണകാരണമായി എന്നൊക്കെ.
പഴമക്കാർ ഇതിനെ വെയിലുകൊണ്ട് നീരിറങ്ങിയതാണ് എന്നൊക്കെ പറയും.
Dentistry യിൽ ഇതിനെ deep dentinal caries with pulp exposure, acute irreversible pulpitis with periapical abscess അതായത് "പല്ലിൽ വളരെ ആഴത്തിലുള്ള പോട്, "തീവ്രമായ,ഒരു രക്ഷയും ഇല്ലാത്ത മോണവീക്കം " തുടങ്ങിയ കടിച്ചാൽ പൊട്ടാത്ത പേരുകളുള്ള ലഘുദന്തരോഗങ്ങൾ ആയിട്ടാണ് ഇതിനെ കാണുന്നത്.
ഈ രോഗബാധ ഉണ്ടാവുമ്പോൾ രോഗിക്ക് അസാധാരണമായ രോഗലക്ഷണങ്ങളാണ്.
അർദ്ധരാത്രിയിൽ അതിഭയങ്കരമായ പല്ലുവേദന കാരണം കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്ന ഗംഗയ്ക്ക് നിന്റെ ക്ഷമ പരീക്ഷിക്കാം. പകൽസമയങ്ങളിൽ നിന്നോടൊപ്പം ഒരു കുഴപ്പവുമില്ലാതെ നടന്ന് ഗംഗ നീപോലുമറിയാതെ ഫ്രിഡ്ജിൽ നിന്ന് ഐസ്ക്രീം, പെപ്സി എന്നിവ എടുത്തു കഴിക്കുന്നു . എന്നിട്ട് രാത്രി ബ്രഷ് ചെയ്യാതെ, വാ കഴുകുക പോലും ചെയ്യാതെ കിടന്നുറങ്ങുന്നു. രാത്രികാലങ്ങളിൽ നൃത്തം പഠിച്ചിട്ടില്ലാത്ത ഗംഗ വേദനകൊണ്ട് ഡിസ്കോ ഡാൻസ് കളിക്കുന്നു.പക്ഷേ ഇതൊക്കെ തന്റെ പല്ലിലെ പോട് കാരണമാണെന്ന സത്യം, പാവം ഗംഗ അറിയുന്നില്ല.
ചികിത്സിച്ചില്ലെങ്കിൽ ഗംഗയുടെ അസുഖം ഇനിയും മൂർച്ഛിക്കും. അതനുവദിച്ചുകൂടാ .. ചികിത്സിക്കണം .
Comments
Post a Comment