2 . പല്ലുകളുടെ ആന്തരികഘടനയും പ്രാധാന്യവും



മനുഷ്യശരീരത്തിലെ ഏറ്റവും കട്ടിയുള്ളതും  അതുകൊണ്ട്തന്നെ ഏറ്റവും ബലവത്തായതുമായ  അവയവങ്ങള്‍  പല്ലുകള്‍ ആണെന്ന്  നിങ്ങള്‍ക്കറിയാമല്ലോ ? എന്നിരുന്നാലും ദന്തക്ഷയം അഥവാ പല്ലിലെ കേട്/പോട്  ലോകത്തിലെത്തന്നെ ഏറ്റവും സര്‍വ്വസാധാരണമായ ഒരു രോഗാവസ്ഥയും ആണ്.

കുട്ടികളെ ബാധിക്കുന്ന  ഏറ്റവും സാധാരണമായ രോഗങ്ങളുടെയും  മുന്‍പന്തിയില്‍ ദന്തക്ഷയം ഉണ്ട്. 50 വയസ്സുകഴിഞ്ഞവരില്‍ മോണരോഗങ്ങള്‍ വളരെയധികമായി കാണപ്പെടുന്നു. എന്തുകൊണ്ടാണ് ഈ വൈരുദ്ധ്യം എന്നാലോചിച്ചുനോക്കൂ ?

നമ്മുടെ പല്ലുകളുടെ മോണയുടെ മുകളില്‍ കാണുന്ന ഭാഗത്തിനെ ക്രൌണ്‍ (Crown) എന്നും താടിയെല്ലിനുള്ളില്‍ ഉള്ള ഭാഗത്തിനെ വേര് അഥവാ റൂട്ട് (Root) എന്നും വിളിക്കുന്നു.

പല്ലുകള്‍ക്ക്  ആന്തരികമായി നോക്കിയാല്‍ പ്രധാനമായും മൂന്നു പാളികള്‍ അഥവാ ഭാഗങ്ങൾ ഉണ്ട്. ക്രൌണ്‍ എന്ന് വിളിക്കുന്ന ഭാഗത്ത്  ഇനാമല്‍ ,ഡെന്‍റ്റിന്‍ ,പള്‍പ്പ് എന്നിങ്ങനെ ആണ് പാളികൾ എങ്കില്‍ വേരില്‍ ഇനാമല്‍ ഇല്ല . പകരം സിമന്റം എന്ന് വിളിക്കുന്ന ഒരു പാളി ആണ് ഉള്ളത് .

ഇനാമല്‍ പൂര്‍ണ്ണമായും നമ്മുടെ നഖം , മുടി ഒക്കെ പോലെ ജീവനില്ലാത്തതും  ഘടനാപരമായി അജൈവ (INORGANIC) മായ , ഏതാണ്ട് ചില്ല്  (GLASS) പോലെയുള്ളതുമായ ഒരു ക്രിസ്റ്റല്‍ പാളിയാണ് .

പല്ലില്‍ കേടുണ്ടായിതുടങ്ങുമ്പോള്‍ ആദ്യം ബാധിക്കുന്നത് ഏറ്റവും പുറത്തെ ജീവനില്ലാത്ത പാളിയായ ഇനാമലിനെ  ആയതിനാല്‍, നഖം വെട്ടുമ്പോഴോ മുടി വെട്ടുമ്പോഴോ വേദനയില്ലാത്തത് പോലെ നമുക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവുന്നില്ല.

എന്നാല്‍ ഡെന്‍റ്റിന്‍ എന്ന പാളിയില്‍ പല്ലിന്‍റെ ഏറ്റവും ഉള്ളിലുള്ള  പള്‍പ്പില്‍ നിന്നുള്ള ഞരമ്പുകളുടെ അറ്റങ്ങള്‍ ഉണ്ട് .അത് കൊണ്ടാണ്  ഇനാമലില്‍ പോട് വന്നോ തേയ്മാനം വന്നോ വിള്ളല്‍ വീണോ രണ്ടാമത്തെ പാളിയില്‍ എത്തുമ്പോള്‍ ഡെന്‍റ്റിനിലെ ഞരമ്പുകളുടെ അറ്റം വെളിവാവുകയും തന്മൂലം നമുക്ക് പുളിപ്പോ കോച്ചലോ തോന്നുന്നത്.

പള്‍പ്പ് എന്ന മാംസളഭാഗമാണ് പല്ലിന്‍റെ മജ്ജ. പള്‍പ്പില്‍ ഞരമ്പുകളും രക്തക്കുഴലുകളും ഉണ്ട് .ഇവ താടിയെല്ലിനുള്ളിലെ ധമനികളുടെയും ഞരമ്പുകളുടെയും തുടര്‍ച്ചയായി വേരിനു താഴെയുള്ള ഒരു സുഷിരത്തിലൂടെ , വേരില്‍ ഉള്ള കനാല്‍ വഴി തുടര്‍ന്ന്  പല്ലിലെ പള്‍പ്പ് വരെ എത്തുന്നു. ഏതെങ്കിലും വഴി രോഗാണുക്കള്‍ പല്ലിന്‍റെ പള്‍പ്പില്‍ എത്തിയാല്‍ ആദ്യം വീക്കം ( INFLAMMATION ) തുടങ്ങുകയും ചികിത്സിച്ചില്ലെങ്കില്‍ പള്‍പ്പ് അണുബാധ കാരണം നിര്‍ജീവമായി പോവുകയും ചെയ്യുന്നു.

(ഇവിടെ വീക്കം എന്നതിന്  വാച്യാര്‍ത്ഥത്തില്‍ നമ്മള്‍ മലയാളത്തില്‍ ഉപയോഗിക്കുന്ന നീര്‍ക്കെട്ട് എന്ന അര്‍ത്ഥം മാത്രമല്ല  എന്നതിനാല്‍ ഇന്ഫ്ലമേഷന്‍ എന്ന് തന്നെ പറയുന്നതായിരിക്കും ഉചിതം. വൈദ്യശാസ്തപദങ്ങള്‍ക്ക് തത്തുല്യമായ വാക്കുകള്‍ മലയാളത്തില്‍ വളരെ കുറവാണ് എന്നത് കൊണ്ട്  അങ്ങനെ ഉപയോഗിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാവാനാണ് സാധ്യത . 

-itis എന്ന  പ്രത്യയം (suffix ) ഏതെങ്കിലും അവയവത്തിനുണ്ടാകുന്ന ഇന്ഫ്ലമേഷനെ ഉദ്ദേശിച്ച് ഉപയോഗിക്കുന്നതാണ് . ഉദാഹരണത്തിന് ഹെപറ്റൈറ്റിസ്  എന്നാല്‍ കരള്‍വീക്കം എന്ന് പറയാം.

Hepatitis = Hepat + itis = hepato=കരള്‍ + itis= വീക്കം = കരള്‍വീക്കം)

ഈപ്പറയുന്ന ഇന്ഫ്ളമേഷന്‍ യഥാര്‍ത്ഥത്തില്‍ ആരോഗ്യമുള്ള ശരീരത്തിന്‍റെ  രോഗപ്രതിരോധത്തിന്‍റെ പ്രധാനപ്രക്രിയകളില്‍ ഒന്നാണ്. ശരീരത്തില്‍ എവിടെയും അസ്വാഭാവികമായ എന്ത് സംഭവിച്ചാലും അവിടെ ഇന്ഫ്ളമേഷന്‍ ഉണ്ടാവും.

സംഗ്രഹം

മിക്ക ആളുകളും വേദന വരുമ്പോള്‍ മാത്രമാണ് പല്ലിലെ പോടിനെ ഒരു രോഗമായി പരിഗണിക്കുന്നത്.എന്തുകൊണ്ട് അങ്ങനെ ചെയ്യരുത് എന്ന് പല്ലിന്റെ ആന്തരിക ഘടനയെ മുൻനിർത്തിയുള്ള ഈ വസ്തുതകൾ കൊണ്ട് വിശദീകരിച്ചു.ഇതുപോലെ തന്നെയാണ് പല്ലുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ രോഗാവസ്ഥകളുടെയും കാര്യം.അത് മോണവീക്കം, കുട്ടികളുടെ ദന്തരോഗാവസ്ഥകൾ, ദന്തക്രമീകരണം, വായിലെ ക്യാൻസർ, വിവേകദന്തത്തിന്റെ സർജറി എന്നിങ്ങനെ എന്തുമാവട്ടെ.. നേരത്തെയുള്ള അഥവാ കൃത്യസമയത്തുള്ള ചികിത്സ നിങ്ങൾക്ക് ധനനഷ്ടം, സമയനഷ്ടം എന്നിവ ഒഴിവാക്കി  സർവോപരി അസഹനീയമായ വേദനയിൽ നിന്നുള്ള മോചനം ഉറപ്പ് നൽകുന്നു.



(ചിത്രം : കടിച്ചമര്‍ത്താന്‍ പറ്റാത്ത ഒരേയൊരു വേദനയാണ് പല്ല് വേദന )




Comments

Popular posts from this blog

RCT - STEPS and post endo restorations

Dr.Sunny BDS identifies Ganga's disease