എന്തിനാണ് പല്ലിലെ പോട് അടക്കുന്നത് ? പോട് അടച്ചില്ലെങ്കില്‍ എന്ത് പറ്റും ?
മനുഷ്യ ശരീരത്തില്‍ ഏറ്റവും ബലമുള്ള ഭാഗം ആണ് പല്ലിലെ ഇനാമല്‍ എന്ന് നമ്മളൊക്കെ സ്കൂളില്‍ തന്നെ പഠിച്ചതാണ് . ഇനാമലിന്റെ ഈ ബലം കാരണമാണ് നിങ്ങള്‍ക്ക് ബിരിയാണിയിലെ കോഴിക്കാലുകള്‍ ‘’നിസ്സാരം.jpg’’ എന്ന മട്ടില്‍ കടിച്ചു പൊട്ടിക്കാനും ബോട്ടില്‍ ഓപണര്‍ ഇല്ലെങ്കിലും സോഡാക്കുപ്പിയുടെ അടപ്പ് കടിച്ചു തുറക്കാനുമൊക്കെ പറ്റുന്നത് . (വേണമെങ്കില്‍ ഒരു കോഴിക്കാലിന്റെ എല്ല് രണ്ടു വിരലുകള്‍ക്ക് നടുവില്‍ വെച്ചോ എന്തിന് ,രണ്ട് ഇരുമ്പ് കട്ടകള്‍ക്ക് ഇടയില്‍ വെച്ച് ബലമായി അമര്‍ത്തിയോ നിങ്ങള്‍ക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ് .)
പല്ലിന്‍റെ ഇനാമല്‍ നിങ്ങളുടെ മൊബൈല്‍ സ്ക്രീനിലെ ഗോറില്ല ഗ്ലാസ് പോലെ കട്ടിയുള്ള ഒരു പുറംതോടായി പ്രവര്‍ത്തിച്ച് സസ്യ,മാംസ ജന്യമായ ഒരുവിധപെട്ട കോശ,കലകളെ (BONE , CARTILAGE തുടങ്ങിയ ടിഷ്യൂസ് ) യെല്ലാം കടിച്ചുപൊട്ടിച്ചും ഉമിനീരിലെ ആഗ്നേയരസങ്ങള്‍ക്കൊപ്പം ചവരച്ച് കുഴമ്പ് പരുവത്തില്‍ ആക്കിയും ദഹനപ്രക്രിയയെ സഹായിക്കുന്നു.
പല്ലുകള്‍ ഇല്ലായിരുന്നെങ്കിലോ ..ലോ.. ലോ ?
നമുക്കൊക്കെ പെരുംപാമ്പുകളെപ്പോലെ ഇരയെ മൊത്തമായി വിഴുങ്ങി അമുക്കേണ്ടി വന്നേനെ..ഒരു കോഴിയെയോ ആട്ടിന്‍കാലോ (മട്ടന്‍ സൂപ്പല്ല ) അപ്പാടെ വിഴുങ്ങി പള്ള വീര്‍പ്പിച്ച് നട്ടുച്ചക്ക് ഒരു മരത്തണലില്‍ ദഹിപ്പിക്കാന്‍ കിടക്കുന്ന നിങ്ങളെയൊന്നു സങ്കല്‍പ്പിച്ചു നോക്കൂ..ജസ്റ്റ് ഫോര്‍ എ ഹൊറര്‍! ചിത്രം.jpg
ഭാഗ്യത്തിന് നമുക്ക് സ്രാവുകളുടെ ചെതുമ്പലുകള്‍ പോലെയുള്ള പ്രാഗ്.രൂപങ്ങളില്‍ നിന്ന് നൂറോ ആയിരമോ പതിനായിരമോ ലക്ഷങ്ങളോ പോലുമല്ല, കോടിക്കണക്കിന് സംവത്സരങ്ങളുടെ ഗിഗാസീരിയല്‍ ടൈപ്പ് തിരക്കഥയിന്‍ പ്രകാരം ഇപ്പോള്‍ കാണുന്ന പോലെയുള്ള ഡിഫിയോ,തീക്കോ,ഹെട്ടറോ-ഡോണ്ട് ദന്തവ്യവസ്ഥ ഉരുവായി പരിണമിച്ചത് കൊണ്ട് നിങ്ങള്‍ക്ക് അനായാസം നന്ദനത്തിലെ കുമ്പിടിയെപ്പോലെ പൊരിച്ച കോഴിയും ചപ്പാത്തിയും കഴിക്കാം ! ചിത്രം.jpg
പല്ലുകളെയും പല്ലുകളുടെ ഷോക്ക് അബ്സോര്‍ബര്‍ ആയ പെരിയോഡോണ്ടല്‍ ലിഗമെന്റിനെയും “വല്ലാത്തൊരു കഥ”യില്‍ ഫീച്ചര്‍ ചെയ്യാന്‍ തക്കവണ്ണം സംഭവബഹുലമായ ടീയെംജെ (TMJ) എങ്കിറ ടെമ്പറോമാന്റിബുലാര്‍ജോയിന്‍റ് നെയും മറ്റും സൃഷ്ടിച്ച പരിണാമത്തിന് സ്തുതി .. സ്തോത്രം !! സ്തോത്രം !!
അപ്പോള്‍ പറഞ്ഞോണ്ട് വന്നത് എന്തെന്ന് വെച്ചാല്‍ , പല്ലിന്‍റെ സ്ട്രോങ്ങ് റൂം ആയ പള്‍പ്പിനെ ഒരു കോട്ടയായി സംരക്ഷിക്കുകയും ആഹാരം ചവച്ചരയ്ക്കാന്‍ നമ്മളെ സഹായിക്കുകയും ഒക്കെ ചെയ്യുന്ന ഇനാമൽ എന്ന ഈ അതിശക്തമായ കവചത്തിന് ചെറ്യോരു കുറവുണ്ട് . ഇനാമല്‍ പൂര്‍ണ്ണമായും നോണ്‍വൈറ്റല്‍ അഥവാ ജീവനില്ലാത്ത ഒരു പാളിയാണ് .അതുകൊണ്ട് നമ്മുടെ നഖം , മുടി ഒക്കെ വെട്ടിയാലും നമുക്ക് വേദനിക്കാത്തത് പോലെ ഇനാമലിന് പരിക്ക് പറ്റിയാലും നമ്മള്‍ക്ക് “കൊള്ളില്ല”.
നമ്മുടെ വായ്ക്കകം ഒരു യുദ്ധം നടക്കുന്ന ഒരു ആയുധ ഫാക്ടറി പോലെയാണ്. പ്രഭാതം പൊട്ടി വിടര്‍ന്നു കഴിഞ്ഞാല്‍ ചില പ്രത്യേക സമയങ്ങളില്‍ ഫാക്ടറിയുടെ വലിയ ഗേറ്റ്കള്‍ തുറക്കുകയും വലിയ ബുള്‍ഡോസര്‍ പോലെയുള്ള ചില അവയവങ്ങളാല്‍ ഫാക്ടറിയിലെ അന്നത്തെ ഉത്പാദനത്തിനുള്ള ആദ്യത്തെ ലോഡ് “ശടപടേ.. ശടപടേ”ന്ന് ORAL CAVITY എന്ന് ഇംഗ്ലണ്ട് ലും അമേരിക്കയിലും ഒക്കെ അറിയപ്പെടുന്ന GODOWN ലേക്ക് പോവുകയായി.
എല്ലാത്തിനും മുകളില്‍ ഇരിക്കുന്ന മുതലാളിയുടെ
“വെട്ടിനിരത്തെടാ എല്ലാത്തിനെയും”
എന്ന ഓര്‍ഡര്‍ കിട്ടിയ ഉടന്‍ കര്‍മനിരതരായ പടയാളികളുടെ ബറ്റാലിയന്‍ രംഗത്തിറങ്ങുകയായി.
മാഹിഷ്.മതീ സാമ്രാജ്യം.mp3 ബാക്ക്ഗ്രൌണ്ട് ലെ സ്കോര്‍ ആയി സങ്കല്‍പ്പിക്കുക..
ശരീരം മൊത്തം മസിൽമയമായ സേനാനായകന്‍ ലഫ്. കേണൽ ജിഹ്വാസിംഗിന്‍റെ ശക്തമായ മസിലുകള്‍ food bolus എന്ന് വിളിക്കുന്ന ചാക്കുക്കെട്ടുകളെ Premolar, molar എന്നിങ്ങനെ പേരുള്ള പടയാളികളുടെ കുന്തമുനകൾക്കും ഗദാസമാനമായ കസ്പ്പുകള്‍ക്കും (cusps) ഇടയിലേക്ക് തള്ളി വിടുന്നു..
300 സിനിമയിലെ പ്രശസ്തമായ " Now.. Push! " എന്ന രംഗം വേണമെങ്കിൽ ഓർക്കാം. ചിത്രം.jpg
ഇനിയാണ് കളി!
തങ്ങളുടെ പോർമുനകൾക്കിടയിലേക്ക് വരുന്നത് എന്തുമാകട്ടെ.. ഏതാണ്ട് 780 N അല്ലെങ്കിൽ 162 PSI ബലത്തിൽ മോളാർ പല്ലുകൾ അവയെ കടിച്ച് പൊട്ടിച്ചു, ചതച്ചരച്ച് കളയും. ( The average bite force for males is around 162 psi and 777 Newtons, while for females, it's around 101 psi and 481 Newtons. Source/Quora )
780 N ബലം എന്ന് പറയുമ്പോൾ മനസ്സിൽ കാണൽ അത്ര എളുപ്പമല്ല.
ഉദാഹരണത്തിലൂടെ വ്യക്തമാക്കാൻ ശ്രമിക്കാം. കടൽ നിരപ്പിൽ നിങ്ങളുടെ ഭാരം 80 kg ആണെങ്കിൽ, അതു 80 N ബലത്തിന് തുല്യമാണ്. അങ്ങനെ നോക്കിയാൽ 780 N എന്ന് പറഞ്ഞാൽ 780 കിലോ ഭാരമുള്ള ഒരാൾ. ഇനി ഈ ആളുടെ ഭാരം മുഴുവൻ 16 സ്ക്വയർ മില്ലിമീറ്റർ മാത്രം വലിപ്പമുള്ള (ഒരു അണപ്പല്ലിന്റെ ചവയ്ക്കുന്ന ഭാഗത്തെ) ഏരിയയിൽ കേന്ദ്രീകരിച്ചു നോക്കുക. മുട്ടനാടിന്റെ എല്ലു വരെ പൊട്ടിയില്ലെങ്കിലലേ അത്ഭുതമുള്ളൂ.. അല്ലേ ?
Comments
Post a Comment