ആമുഖം


സ്വന്തം ദന്തശുചിത്വത്തെപറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

 

ഓരോ ദിവസവും രാവിലെ ഉറക്കം കഴിഞ്ഞു എണീറ്റാൽ ചെയ്യുന്ന പ്രാഥമികകൃത്യങ്ങളിൽ ആദ്യത്തേതും രാത്രി ഉറങ്ങുന്നതിനു മുൻപ് ചെയ്തിരിക്കേണ്ട ഒരു അവശ്യകൃത്യവും പല്ലുകളെ ശുചിയാക്കൽ ആണെന്ന് ഓർക്കുമ്പോൾ തന്നെ അതിന്റെ പ്രാധാന്യം എല്ലാവർക്കും ബോധ്യപ്പെടേണ്ടതാണ്.

 

എന്നാൽ അതല്ല  യഥാർത്ഥത്തിൽ നിലവിലെ അവസ്ഥ . പുറമേയ്ക്ക് സുന്ദരനും/രിയും സമൂഹത്തിൽ മാന്യനും/യും അഭ്യസ്തവിദ്യനു/യുമായ ഒരാളുടെ ദന്തശുചിത്വം പോലും  അത്ര പോര എന്ന്  വരാം.കാരണം ദന്തശുചിത്വത്തോടും ദന്താരോഗ്യത്തോടും നമ്മുടെ നാട്ടുകാർ കാണിക്കുന്ന കുറ്റകരമായ അനാസ്ഥകളും ദന്തചികിത്സകളെക്കുറിച്ചുള്ള  തെറ്റിദ്ധാരണകളും ഒരുപാടാണ്.


ഒരുദാഹരണം പറഞ്ഞാല്‍ , തങ്ങളുടെ വിവാഹദിനത്തിലെ മേക്ക് അപ്പ്  സന്നാഹങ്ങള്‍ക്ക്  പതിനായിരങ്ങൾ മുതല്‍ ലക്ഷങ്ങള്‍ വരെ ചെലവഴിക്കാൻ യാതൊരു മടിയും കാണിക്കാത്ത യുവതികള്‍ പോലും അശ്രദ്ധയും അവഗണനയും കാരണം അണുബാധയേറ്റ, എന്നാല്‍  ചികിത്സ ചെയ്‌താൽ ജീവിതകാലം മുഴുവൻ അതിന്‍റെ സ്ഥാനത്ത് നിർത്തി ഉപയോഗിക്കാൻ കഴിയുന്ന ഒരു പല്ലിന്റെ കാര്യം വരുമ്പോള്‍,


"ഈ പല്ലങ്ങ് പറിച്ചുകളഞ്ഞാൽപ്പോരേ? " 

"ഞാനൊന്നാലോചിക്കട്ടെ ഡോക്ടറേ " അല്ലെങ്കിൽ

" വീട്ടിൽ പറഞ്ഞു നോക്കട്ടെ" എന്നാവാം  ഡയലോഗ്.

 

രോഗം വരാതെ നോക്കുന്നതാണ്  ആണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് എന്ന് ആര്‍ക്കും അറിയാഞ്ഞിട്ടൊന്നുമല്ല . നമ്മുടെ നാട്ടിൽ എന്തെങ്കിലും കാര്യത്തില്‍  ഒരു കുഴപ്പം ഉണ്ടായാൽ അത് ശരിയാക്കാൻ ഉടൻ നടപടി എടുക്കാതെ ഒടുവില്‍  പ്രശ്നം ഗുരുതരമാവുന്നത് വരെ അവഗണിക്കുന്ന പൊതുബോധം തന്നെയാണ് പല്ലുകളുടെ ആരോഗ്യത്തിലും ആളുകൾ പുലർത്തിപ്പോരുന്നത്.

 

കേരളത്തില്‍  മെച്ചപെട്ട പൊതുജനആരോഗ്യസ്ഥിതിയൊക്കെ ഉണ്ടെങ്കിലും പല്ലുകളുടെ കാര്യം അപ്പോഴും കഷ്ടത്തിലാണ്. പല്ലുകളുടെ സവിശേഷപ്രകൃതം കാരണം അവയെ ബാധിക്കുന്ന രോഗങ്ങള്‍  തുടക്കത്തില്‍ പ്രത്യേകിച്ച്  ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല. അതുകൊണ്ട്തന്നെ രോഗം മൂർച്ഛിച്ച് ഗുരുതരപ്രശ്നങ്ങള്‍ ആവുമ്പോഴാണ് 

“എന്നാല്‍പ്പിന്നെ ഡോക്ടറെക്കണ്ട് /ചികിത്സചെയ്ത് കളയാം “

എന്നൊരു തീരുമാനത്തിലേക്ക് മിക്കയാളുകളും എത്തുക.


പക്ഷേ അപ്പോഴേക്കും തുടക്കത്തിലായിരുന്നു ചികിത്സ ചെയ്തിരുന്നതെങ്കില്‍ താരതമ്യേന നിസ്സാരമായി ശരിയാക്കാമായിരുന്ന ദന്തരോഗങ്ങള്‍ കൂടുതല്‍ സമയമെടുത്ത് , സങ്കീര്‍ണമായ ചികിത്സാരീതികള്‍ ഉപയോഗിച്ച് ഭേദപ്പെടുത്തേണ്ടി വരുന്നു. സ്വാഭാവികമായും ചികിത്സാചെലവ് ഗണ്യമായി കൂടുന്നു .ഗൾഫ് രാജ്യങ്ങളടക്കം  വിദേശങ്ങളില്‍ താമസിക്കുന്ന ആളുകൾക്കറിയാം അവിടങ്ങളിലെ ദന്തചികിത്സ എന്തു മാത്രം ചെലവേറിയതാണെന്ന്. അവരെല്ലാം തന്നെ പല്ലുകൾക്ക് എന്തു കുഴപ്പം വന്നാലും നിവൃത്തിയുണ്ടെങ്കിൽ നാട്ടിൽ വന്നാണ്  ചികിത്സചെയ്യുക .


തിരുവനന്തപുരം ഗവണ്മെന്റ്  ഡെന്റല്‍ കോളേജില്‍നിന്ന്  BDS പഠനം കഴിഞ്ഞ്  2015ല്‍ നാട്ടില്‍ ക്ലിനിക്കല്‍ പ്രാക്ടീസ് തുടങ്ങിയത് മുതല്‍ ഉള്ള ഒരാഗ്രഹമായിരുന്നു പൊതുജനങ്ങള്‍ക്കു വേണ്ടി ദന്താരോഗ്യത്തിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നത്. സാധാരണയായി കണ്ടുവരുന്ന ദന്തരോഗങ്ങളെക്കുറിച്ചും അവയുടെയെല്ലാം നൂതനമായ വിവിധതരം ചികിത്സകളെക്കുറിച്ചും എല്ലാവര്‍ക്കും  എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന വിധത്തില്‍ ഒരു കൈപ്പുസ്തകം എഴുതുക എന്ന ഒരു തീരുമാനത്തിലേക്ക് ഈയിടെ ആണ് എത്തിയത്.

നമ്മുടെ ആഹാര,ജീവിത രീതികള്‍ മുന്‍പൊന്നും കണ്ടിട്ടില്ലാത്തപോലെ മാറിക്കൊണ്ടിരിക്കുന്നത് ജനങ്ങളുടെ വിശേഷിച്ചും കുട്ടികളുടെ ദന്താരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നത് നേരിട്ട് കാണുന്ന ഒരു ഡെന്റിസ്റ്റ് എന്ന നിലയില്‍ നിത്യവും ക്ലിനിക്കില്‍ കാണുന്ന രോഗികളോടോ രക്ഷിതാക്കളോടോ പറയുന്ന കാര്യങ്ങള്‍ തന്നെ ഒരു  അനുഭവകഥ അല്ലെങ്കില്‍  ചോദ്യോത്തര രീതിയില്‍ ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും സഹിതം  എഴുതുവാനാണ് ഈ എളിയ ശ്രമം.

ദന്താരോഗ്യത്തെക്കുറിച്ചുള്ള അവബോധം നമ്മുടെ സമൂഹത്തില്‍ താരതമ്യേന കുറവാണെന്ന് അനുഭവത്തില്‍ നിന്ന് ബോധ്യമായത് കൊണ്ടും ലളിതമായ എന്നാല്‍ വളരെ നിര്‍ണായകമായ അറിവുകളില്‍ നിന്നുണ്ടാവുന്ന അവബോധം നമ്മുടെ ദന്താരോഗ്യപരിപാലനത്തെ വളരെയധികം , വേണമെങ്കില്‍ വിപ്ലവകരം എന്ന് തന്നെ പറയാവുന്നവിധത്തില്‍ മെച്ചപ്പെടുത്തും എന്ന ഉറച്ച വിശ്വാസവും ആണ് ഈ ഉദ്യമത്തിന് പിന്നില്‍ .

അത് എത്രത്തോളം ഫലപ്രദമായെന്ന് നിങ്ങള്‍ തന്നെ വിലയിരുത്തൂ.

“അറിവിലൂടെ ആരോഗ്യം” എന്നതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.

വായിക്കാൻ പരിഗണിച്ചതിന് നന്ദി.

ഡോ.അജിത്‌ കെ എസ്

പീപ്പിള്‍സ്‌ ഡെന്റല്‍ കെയര്‍

കടമ്പഴിപ്പുറം ,പാലക്കാട്‌

 

 


Comments

Popular posts from this blog

RCT - STEPS and post endo restorations

2 . പല്ലുകളുടെ ആന്തരികഘടനയും പ്രാധാന്യവും

Dr.Sunny BDS identifies Ganga's disease