1.ഒരല്പം ദന്തപുരാണം


 

നമ്മള്‍ മനുഷ്യരുടെ പല്ലുകള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട് എന്നറിയാമോ ?

ഏറ്റവും ലളിതമായി പറഞ്ഞാല്‍ നമ്മുടെ പല്ലുകള്‍ തീക്കോഡോണ്ട്, ഡിഫിയോഡോണ്ട്, ഹെറ്ററോഡോണ്ട് ദന്തങ്ങള്‍ (Thecodont, Diphyodont & Heterodont Dentition) ആണ്.

 തീക്കോഡോണ്ട് ദന്തവ്യവസ്ഥ

ഉരഗങ്ങള്‍ ,സ്രാവുകള്‍ തുടങ്ങിയ ജീവികളുടെ പല്ലുകള്‍ നേരിട്ട് താടിയെല്ലില്‍ ഉറപ്പിച്ച അവസ്ഥയില്‍ ആണ് ഉണ്ടാവുക .എന്നാല്‍ നമ്മുടെ പല്ലുകള്‍ താടിയെല്ലില്‍ അവയ്ക്ക് ഓരോന്നിനും ഉള്ള കുഴികള്‍ അഥവാ സോക്കറ്റുകളില്‍ ആണ് സ്ഥിതിചെയ്യുന്നത്.ഇത്തരം അവസ്ഥയെ  തീക്കോഡോണ്ട് പല്ലുകള്‍ എന്ന് വിളിക്കുന്നു.

 ഡിഫിയോഡോണ്ട് ദന്തവ്യവസ്ഥ

ചില ജീവികള്‍ക്ക് ആകെ ഒരു സെറ്റ് പല്ലുകള്‍ മാത്രമാണ് അവയുടെ ജീവിതകാലത്തിനു മുഴുവനായും ഉണ്ടാവുക . എന്നാല്‍ സ്രാവുകള്‍ പോലെ ചില ജീവികള്‍ക്ക് അവയുടെ ജീവിതകാലം മുഴുവന്‍ പുതിയ പല്ലുകള്‍ മുളയ്ക്കുകയും പൊഴിഞ്ഞു പോവുകയും ചെയ്യും.

 നമുക്ക് ആയുസ്സില്‍ 2 സെറ്റ് പല്ലുകള്‍ ഉണ്ടാവും. ഒരു കുഞ്ഞ് ജനിച്ചാല്‍ സാധാരണയായി

6ആം മാസം മുതല്‍ പാല്‍പല്ലുകള്‍ മുളച്ചുതുടങ്ങും .കുഞ്ഞുങ്ങള്‍ക്ക് 20 പല്ലുകള്‍ ഉണ്ടാവും . 6 വയസ്സ് മുതല്‍ ഇവ കൊഴിഞ്ഞു തുടങ്ങുകയും സ്ഥിരദന്തങ്ങള്‍ മുളച്ചുതുടങ്ങുകയും ചെയ്യുന്നു . 12 -13 വയസ്സ് ആവുമ്പോഴേക്കും എല്ലാ പാല്‍പല്ലുകളും സ്ഥിരം പല്ലുകളാല്‍ മാറ്റപെട്ടിട്ടുണ്ടാവും .

17-21 വയസ്സ് നുള്ളില്‍ “വിവേകദന്തങ്ങള്‍” എന്നറിയപ്പെടുന്ന 4 അണപ്പല്ലുകള്‍ കൂടി  മുളയ്ക്കുന്നതോടെ 32 പല്ലുകള്‍ ഉള്ള നമ്മുടെ സ്ഥിരദന്തങ്ങള്‍ ഉള്ള രണ്ടാമത്തെ സെറ്റ് പൂര്‍ത്തിയാവുന്നു.

 

ഹെട്ടറോഡോണ്ട് ദന്തവ്യവസ്ഥ

പേര് സൂചിപ്പിക്കുന്നത് പോലെ വ്യത്യസ്ത ഉപയോഗങ്ങള്‍ക്ക്  വേണ്ടി രൂപാന്തരം ഉള്ള പല്ലുകള്‍ ആണ് ഹെട്ടറോഡോണ്ട് പല്ലുകള്‍ . മനുഷ്യര്‍  മിശ്രഭുക്കുകള്‍ ആയത് കൊണ്ട് നമുക്ക്  കടുവ /ചെന്നായ തുടങ്ങിയ  മാംസഭുക്കുകള്‍ക്ക് ഉള്ളതു പോലെ കടിച്ചു മുറിക്കുവാന്‍ ഉതകുന്ന കൂര്‍ത്ത “ഉളിപ്പല്ലുകളും” (Incisors , Canines) പശു ,കുതിര തുടങ്ങിയ സസ്യഭുക്കുകള്‍ക്ക് ഉള്ളത് പോലെ പരന്ന “അണപ്പല്ലുകളും” (Molars) ഉണ്ട് .

പല്ലുകളുടെ പരിണാമം 

കോടിക്കണക്കിനു വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന സ്രാവ് പോലത്തെ സമുദ്രമത്‍സ്യങ്ങളുടെ തൊലിപ്പുറത്തെ ശല്ക(Scales) ങ്ങളാണ് ഇത്രയും വർഷങ്ങളുടെ നിരന്തര രൂപ പരിണാമങ്ങളിലൂടെ കടന്ന് പോയി ഇന്നത്തെ നമ്മുടെയൊക്കെ പല്ലുകൾ ആയി മാറിയത് എന്നറിയാമോ?

 


Comments

Popular posts from this blog

പല്ല് തേയ്മാനവും പുളിപ്പും സെൻസോഡൈനും മറ്റ്‌റും

ബയോമിമെറ്റിക്ക് ഡെന്റിസ്ട്രി

RCT - STEPS and post endo restorations